English shape=
      

ആഴ്ചയിലെ സന്ദേശം - Word For The Week

''ഈ ആഴ്ചയിലെ സന്ദേശം'' അഴ്ചതോറും പ്രകാശനം ചെയ്യുന്ന ഒരു ലേഖനമാണ്. ഓരോ പതിപ്പും ബ്രദര്‍ സാക് പൂനന്റെ ലേഖനങ്ങളില്‍ നിന്നോ, പ്രസംഗങ്ങളില്‍ നിന്നോ, പുസ്തകങ്ങളില്‍ നിന്നോ എടുത്തിട്ടുള്ള ഒരംശമാണ്.
2010 |  2011 |  2012 |  2013 |  2014 |  2015 |  2016
വേദപുസ്തകം കൂടാതെ ഇയ്യോബിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം
ഡിസംബര്‍ 2011 (4) -സാക് പുന്നന്‍

ഇയ്യോബ് 26 മുതല്‍ 31 വരെയുള്ള അദ്ധ്യായങ്ങളില്‍ തന്റെ ജീവിതകാലത്ത് മറ്റുള്ളവരെ സഹായിക്കുവാന്‍ ചെയ്ത പല നല്ല കാര്യങ്ങളുടെയും പട്ടിക ഇയ്യോബ് നല്‍കുന്നുണ്ട്. ഈ അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ ഇയ്യോബിനു ദൈവത്തെയും ദൈവത്തിന്റെ വഴികളെയും കുറിച്ചു ലഭിച്ച വെളിച്ചവും വേദപുസ്തകമോ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവോ കൂടാതെതന്നെ ലഭ്യമായ ഉയര്‍ന്ന ആത്മീയനിലവാരത്തിലുള്ള ജീവിതവും നാം കാണുന്നു. ഇത് ആശ്ചര്യകരമാണ്. ഈ അദ്ധ്യായങ്ങളിലെ ചില കാര്യങ്ങള്‍ കൂടി ഒന്നു നോക്കുന്നത് നല്ലതാണ്. കാരണം അതു നമ്മെ ലജ്ജിപ്പിക്കുകയും ഇപ്പോഴുള്ളതിലും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ നമ്മെ വെല്ലു വിളിക്കുകയും ചെയ്യും.

ജ്ഞാനം അന്വേഷിക്കാതെ സ്വര്‍ണ്ണത്തിനുവേണ്ടി കുഴിക്കുന്ന മനുഷ്യന്‍ എത്ര വിഡ്ഢിയാണെന്നു പറഞ്ഞുകൊണ്ട് ഇയ്യോബ് തുടങ്ങുന്നു. തുടര്‍ന്ന് ഇങ്ങനെ പറയുന്നു: “ദൈവഭയമാണ് ജ്ഞാനം; ദുഷ്ടത വിട്ടകലുന്നതാണ് വിവേകം.'' (28ന്റെ 28). ഇതുതന്നെയാണ് ശലോമോന്‍ ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം സദൃശവാക്യങ്ങള്‍ 9: 10 ല്‍ പറയുന്നത്. തീര്‍ച്ചയായും ഇയ്യോബിന്റെ പുസ്തകം വായിച്ചായിരിക്കും അവന് ഈ തിരിച്ചറിവ് ഉണ്ടായത്. 29-ാം അദ്ധ്യായത്തില്‍ ഇയ്യോബ് തന്റെ പഴയകാലജീവിതത്തെക്കുറിച്ചു പറയുന്നു- ദരിദ്രരെയും അനാഥരെയും വിധവമാരെയും സഹായിച്ചുകൊണ്ട് താന്‍ ദൈവവുമായി സഖിത്വത്തില്‍ കഴിഞ്ഞ കാലം. മുപ്പതാമദ്ധ്യായത്തില്‍ താന്‍ ഇത്രയധികം നന്മ ചെയ്തിട്ടും ദൈവം ഇപ്പോള്‍ തന്നെ വലിയ കഷ്ടതയിലൂടെ കടത്തി താഴ്ത്തിയതിന് ഇയ്യോബ് പരാതി പറയുന്നു.

31-ാം അദ്ധ്യായത്തില്‍'തന്റെ ജീവിതത്തിലെ നീതിപ്രവൃത്തികളെക്കുറിച്ചു പറയുന്നു. മോഹത്തോടെ സ്ത്രീകളെ നോക്കാതിരിക്കുവാന്‍ അവന്‍ തന്റെ കണ്ണുകളെ സൂക്ഷിച്ചു. (1-ാംവാക്യം ).. മത്തായിയുടെ സുവിശേഷം അഞ്ചാമദ്ധ്യായത്തില്‍ യേശു ഈ കാര്യം പറയുന്നതിനു 2000 വര്‍ഷം മുന്‍പേ ഇയ്യോബിനു ഈ കാര്യത്തില്‍ വെളിച്ചം കിട്ടിയിരുന്നു. അവന്‍ സത്യസന്ധതയോടെ യാതൊരു കാപട്യവും കൂടാതെ ജീവിച്ചു (വാക്യം 5,6). ഭാര്യയോട് ഒരിക്കലും അവിശ്വസ്തത കാണിച്ചില്ല.(വാ 9-12). സ്വര്‍ണ്ണത്തില്‍ അവന്‍ ആശ്രയിച്ചില്ല; ഒരു വിഗ്രഹാരാധകനായില്ല. (24-28 വാക്യങ്ങള്‍). ശത്രുവിന്റെ പരാജയത്തില്‍ സന്തോഷിച്ചില്ല.(വാ 29, 30). അപരിചിതരെ സംരക്ഷിച്ചു(30, 31 വാക്യങ്ങള്‍). പാപം ചെയ്തപ്പോഴോക്കെ അത് ഏറ്റുപറഞ്ഞ് അനുതപിച്ചു.(വാ 33). മനുഷ്യരുടെ നിന്ദയെ ഭയപ്പെട്ടില്ല.(34). തന്റെ ഭൂസ്വത്ത് വലിയ പ്രാധാന്യമുള്ളതായി കണക്കാക്കിയില്ല. (38-40വാക്യങ്ങള്‍). ദൈവത്തിന്റെ ഉത്തരം നല്‍കുന്നതിനു നിലവിളിയോടു ദൈവസന്നിധിയില്‍ ചെന്നു (വാ.35).

ഇയ്യോബ് എത്രമാത്രം വലിയ ദൈവമനുഷ്യനായിരുന്നു എന്ന് ഈ വാക്യങ്ങളിലൂടെ നമുക്കു കാണാം. ജീവിതത്തിന്റെ പല മേഖലയെക്കുറിച്ചും വെളിച്ചം കിട്ടിയവനും അങ്ങേയറ്റം പരോപകാരിയും ആയ ഒരുവനായിരുന്നു ഇയ്യോബ്. എങ്കിലും അവന് ഒരു കാര്യത്തില്‍ വെളിച്ചം കിട്ടിയിരുന്നില്ല. ''ആത്മീയനിഗളം, തന്റെ ദൈവഭക്തിയിലുള്ള നിഗളം.'' ദൈവം ഇയ്യോബിനെ സ്‌നേഹിച്ചിരുന്നതുകൊണ്ട് അവന്‍ ഈ ഭൂമി വിട്ടു പോകുന്നതിനു മുന്‍പ് താഴ്മ എന്ന നന്മ കൂടി പ്രാപിക്കണമെന്ന് ആഗ്രഹിച്ചു. ഇയ്യോബിനോടുള്ള വലിയ സ്‌നേഹം നിമിത്തം അവന്‍ ഒരേ സമയം ദൈവഭക്തനും താഴ്മയുള്ളവനുമായിത്തീരണമെന്നു ദൈവം ആഗ്രഹിച്ചു. അതിനാല്‍ അവനെ ആഴത്തിലുള്ള ശോധനകളിലൂടെ കടത്തിവിട്ടു.

ദൈവികനായ പൗലൊസ് അപ്പൊസ്തലന്‍ നിഗളിക്കുവാനുള്ള അപകടത്തിലായപ്പോള്‍ ദൈവം അദ്ദേഹത്തെ കഷ്ടതകളിലൂടെ കടത്തി. അവന്റെ ജഡത്തിലൊരു ശൂലം, സാത്താന്റെ ഒരു ദൂതനെ, നല്‍കി (2കൊരി.12: 2). ഇയ്യോബിനും സാത്താന്റെ ദൂതനെ നല്‍കിയിരുന്നു. എന്തിന് ഇതു കിട്ടി എന്നു പൗലൊസ് അറിഞ്ഞിരുന്നു. എന്നാല്‍ ഇയ്യോബ് അത് അറിഞ്ഞിരുന്നില്ല. അതിനാലാണ് ദൈവം പല ദൈവഭക്തരായ മനുഷ്യരെയും കഷ്ടതയിലൂടെയും തെറ്റിധാരണയിലൂടെയും എതിര്‍പ്പിലൂടെയും പീഡനത്തിലൂടെയും കടത്തിവിടുന്നത്. അതുവഴി അവരെ താഴ്ത്തുകയും നുറുക്കുകയും ചെയ്യുന്നു. അതിലൂടെ അവരിലേക്കു കൃപ ചൊരിയപ്പെടുന്നു. അവിടുന്നു താഴ്മയുള്ളവര്‍ക്കാണ് കൃപ നല്‍കുന്നത്. പരാതി പറഞ്ഞതില്‍ ഇയ്യോബിനെ കുറ്റപ്പെടുത്തുവാന്‍ സാധിക്കുകയില്ല. കാരണം അദ്ദേഹത്തിന് ഒരു വേദപുസ്തകമോ പരിശുദ്ധാത്മാവിന്റെ അഭിഷേകമോ അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സഹോദരനോ ഇല്ലായിരുന്നു. എന്നാല്‍ പൗലൊസ് ഒരിക്കലും പരാതിപ്പെട്ടില്ല. അതുകൊണ്ടുതന്നെ നാമും പരാതിപ്പെടേണ്ടതില്ല.

മൊഴിമാറ്റം: സാജു ജോസഫ്‍.     അച്ചടി രൂപം     സുഹൃത്തിനയക്കുക

"ആഴ്ചയിലെ സന്ദേശം!" - നിങ്ങളുടെ പ്രതിഫലനങ്ങളും ചോദ്യങ്ങളും ദയവായി ഞങ്ങള്‍ക്കെഴുതുക :malayalam@cfcindia.com, cfc@cfcindia.com
നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)