|
നമ്മുടെ കാതുകള്‍ക്ക് ഇമ്പമുള്ള വാക്കുകള്‍ പറഞ്ഞ് നമ്മെ സന്തോഷിപ്പിക്കുന്ന വ്യാജപ്രവാചകന്മാരെയാണ് പഴയ കാലം മുതലേ ദൈവജനത്തിനിഷ്ടം. പല ദൈവജനങ്ങളും ദൈവത്തിന്റെ യഥാര്‍ത്ഥപ്രവാചകന്മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ താത്പര്യപ്പെട്ടിട്ടില്ല. അതുകൊണ്ടു നിങ്ങള്‍ ദൈവത്തിന്റെ വചനം പ്രസംഗിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവദാസന്‍ ആണെങ്കില്‍ ഒരു കാര്യം ഓര്‍ത്തുകൊള്ളുക, നിങ്ങള്‍ ഒരിക്കലും പ്രസിദ്ധനാവുകയില്ല. നിങ്ങള്‍ക്കു പണം സമ്പാദിക്കുവാനും സാധിക്കുകയില്ല. ഈ പഴയനിയമപ്രവാചകന്മാരെപ്പോലെ നിങ്ങള്‍ നിന്ദിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യും. ഇതിന്റെയെല്ലാം നടുവില്‍ ദൈവം യിസ്രായേലിനോട് മീഖാ.12:2 ല്‍ ഇങ്ങനെ പറയുന്നു: ''നിനക്കുള്ളവരെ ഒക്കെ ചേര്‍ത്തുകൊള്ളും, യിസ്രായേലിന്റെ ശേഷിപ്പിനെ ഞാന്‍ ശേഖരിക്കും.'' ദൈവം ബാബിലോണില്‍ നിന്നും യരുശലേമിലേക്കു തിരികെ കൊണ്ടുവരുന്നത് ഒരു ശേഷിപ്പിനെ ആയിരിക്കും എന്നാണ് മിക്ക പ്രവാചകന്മാരും പ്രവചിച്ചത്.
ഇത് ഇന്നും സത്യമാണ്. ക്രിസ്തീയഗോളത്തില്‍ ഭൂരിഭാഗവും പിന്മാറ്റത്തില്‍ ആണെങ്കിലും ദൈവത്തെ ഭയപ്പെടുകയും സത്യത്തിനു സാക്ഷികളാകുകയും ചെയ്യുന്ന ജനത്തിന്റെ ഒരു ശേഷിപ്പ് എല്ലാകാലവും ഭൂമിയില്‍ ഉണ്ടാകും. നിങ്ങള്‍ ദൈവഭയമുള്ളവരാണെങ്കില്‍ എവിടെപ്പോയാലും ആ ശേഷിച്ച ജനം എവിടെയാണെന്നാണ് നോക്കണ്ടത്. അവരെ ഒരു വിഭാഗത്തില്‍ മാത്രമായി കാണുകയില്ല. ഒരു പട്ടണത്തില്‍ അങ്ങനെയുള്ള ഒരു സഭയുണ്ടാകാം. എന്നാല്‍ മറ്റൊരു പട്ടണത്തില്‍ ഇതേ സഭയുടെ ശാഖ അങ്ങനെയായിരിക്കണമെന്നില്ല. ശേഷിപ്പ് എന്നു പറയാവുന്ന ഒരു വിഭാഗം ഇന്നു ലോകത്തിലില്ല. എന്നാല്‍ പ്രാദേശികമായി ഒരു ശേഷിപ്പ് എന്നു പറയാവുന്ന സഭകളുണ്ടാവാം. അതുകൊണ്ട് എവിടെച്ചെന്നാലും ദൈവത്തോടു ചോദിക്കണ്ടത് ഇതാണ്: ''ദൈവമേ, അവിടുത്തെ ജനം ഈ സ്ഥലത്ത് എവിടെയാണ് കൂടിവരുന്നത്?'' അപ്പോള്‍ ദൈവം നിങ്ങളെ അങ്ങോട്ട് അയയ്ക്കും.
''യിസ്രായേല്‍ഗൃഹത്തിലെ ഭരണാധിപന്മാരെ ശ്രദ്ധിക്കുവിന്‍. നന്മയെ വെറത്ത് തിന്മയെ സ്‌നേഹിക്കുന്നവന്, എന്റെ ജനത്തിന്റെ ത്വക്ക് വേര്‍പെടുത്തുകയും അസ്ഥികളില്‍നിന്നു മാംസം പറിച്ചെടുക്കുകയും എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നവരേ, ചട്ടിയിലേക്കു ഇറച്ചിയും കലത്തിലേക്കു മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതിയെന്തെന്നു നിങ്ങള്‍ അറിയുന്നില്ലേ? അവര്‍ യഹോവയോടു നിലവിളിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുകയില്ല, അവര്‍ ചെയ്ത ദുഷ്ടത നിമിത്തം അവിടുന്നു തന്റെ മുഖം അവര്‍ക്കു മറച്ചുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭക്ഷണം നല്‍കുന്നവനോടു 'സമാധാനം' എന്നു പറകയും നല്‍കാത്തവനുനേരെ യുദ്ധത്തിനൊരുങ്ങുകയും ചെയ്തുകൊണ്ട് എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകന്മാരേ, ദര്‍ശനമില്ലാത്ത രാത്രികള്‍ നിങ്ങള്‍ക്കു വരും. വെളിപ്പാടില്ലാത്ത അന്ധകാരവും നിങ്ങള്‍ക്കു ലഭിക്കും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിച്ചുപോകും. അവരുടെ പകല്‍ ഇരുണ്ടുപോകും. ദര്‍ശകന്മാര്‍ ലജ്ജിക്കും. വെളിപ്പാടുകാര്‍ നിന്ദിതരാകും. ദൈവത്തില്‍നിന്നു യാതൊരു മറുപടിയും ലഭിക്കാത്തതിനാല്‍ അവര്‍ വായ് പൊത്തും''(മീഖാ.3:1-7).
ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. 2600 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസംഗകര്‍ തങ്ങള്‍ക്കു ധാരാളം സമ്മാനങ്ങള്‍ നല്‍കിയവരെ സ്‌നേഹിക്കുകയും അവര്‍ക്കു സുഖകരമായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.;ഇന്നും അതുതന്നെയാണ് നടക്കുന്നത്. തങ്ങളെ ഒരു നല്ല ഭക്ഷണത്തിനു വിളിക്കാന്‍ കഴിവില്ലാത്തവരായ ദരിദ്രരെ അവര്‍ ഭീഷണിപ്പെടുത്തുന്നു. അങ്ങനെയുള്ളവര്‍ യഥാര്‍ത്ഥ ദൈവദാസന്മാരല്ല, വ്യാജപ്രവാചകന്മാരാണ്. അവര്‍ തെറ്റായി പ്രവചിക്കുന്നു. പല ചതിയന്മാരും ഇന്നു ചെയ്യുന്നതുപോലെ അവര്‍ ദൈവത്തില്‍നിന്നു ദര്‍ശനം ലഭിച്ചു എന്നവകാശപ്പെടുന്നു. എന്നാല്‍ അവര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമിതാണ്. ''ദര്‍ശനമില്ലാത്ത രാത്രികള്‍ നിങ്ങള്‍ക്കു വരും. വെളിപ്പാടില്ലാത്ത അന്ധകാരവും നിങ്ങള്‍ക്കു ലഭിക്കും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിച്ചുപോകും. അവരുടെ പകല്‍ ഇരുണ്ടുപോകും. ദര്‍ശകന്മാര്‍ ലജ്ജിക്കും. വെളിപ്പാടുകാര്‍ നിന്ദിതരാകും. ദൈവത്തില്‍നിന്നും യാതൊരു മറപടിയും ലഭിക്കാത്തതിനാല്‍ അവര്‍ വായ് പൊത്തും''(മീഖാ.3:5-7).
മീഖാ ആത്മാവില്‍ നിറഞ്ഞവനും അത്തരം വ്യാജപ്രവാചകന്മാരെ ശാസിക്കാന്‍ ഭയമില്ലാത്തവനുമായിരുന്നു. ''യിസ്രായേലിനോട് അവന്റെ പാപത്തെക്കുറിച്ചു പറയേണ്ടതിനു ഞാന്‍ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും ബലത്താലും നീതിയാലും നിറഞ്ഞിരിക്കുന്നു''(മീഖാ.3:8). ഇതൊരുപക്ഷേ ആത്മപ്രശംസയായിത്തോന്നാം. എന്നാല്‍ അങ്ങനെയല്ല. ഇവിടെ മീഖാ തന്റെ കാലഘട്ടത്തിലുള്ള മറ്റു പ്രസംഗകരും താനും തമ്മിലുള്ള വ്യത്യാസം വരച്ചുകാട്ടുകയാണ്. നൂറ്റാണ്ടുകള്‍ക്കുശേഷം അപ്പൊസ്തലനായ പൗലൊസും അതേപോലെ താനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം ഞാന്‍ നിങ്ങളെ അറിയിച്ചു. അതെന്തുകൊണ്ട്? ചിലര്‍ അഭിമാനം കൊള്ളുന്ന കാര്യങ്ങളില്‍ അവര്‍ ഞങ്ങളോടു സമന്മാര്‍ എന്നു പരിഗണിക്കപ്പെടുവാന്‍ അവസരം കാത്തിരിക്കുകയാണ്. അതിനിടം കൊടുക്കാതിരിക്കുവാന്‍ ഞാന്‍ ചെയ്യുന്നത് മേലിലും ചെയ്യും. അവര്‍ കള്ള അപ്പൊസ്തലന്മാര്‍, ക്രിസ്തവിന്റെ അപ്പൊസ്തലന്മാരുടെ വേഷം കെട്ടുന്നവര്‍ തന്നെ''(2കൊരി.11:7, 12, 13). പൗലൊസ് തന്റെ കാലഘട്ടത്തിലുള്ള കള്ളപ്രവാചകന്മാരെപോലെയോ ഇന്നുള്ള അനേകം പ്രസംഗകരെപ്പോലെയോ പണത്തിനുവേണ്ടിയല്ല പ്രസംഗിച്ചത്.
പണത്തിനുവേണ്ടി പ്രസംഗിച്ചവരോടു മീഖായ്ക്കു വളരെയധികം പറയുവാനുണ്ട്.. ''യിസ്രായേല്‍ഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേള്‍ക്കുവിന്‍ നിങ്ങള്‍ നീതി നിഷേധിച്ച് സകല നേരും മറിച്ചുകളയുന്നു. അവര്‍ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനേയും ദുഷ്ടതകൊണ്ട് യെരുശലേമിനേയും പണിയുന്നു. അവളുടെ നേതാക്കന്മാര്‍ കൈക്കൂലി വാങ്ങി പാലനം നടത്തുന്നു. അവളുടെ പുരോഹിതന്മാര്‍ കൂലിവാങ്ങി ഉപദേശിക്കുന്നു. അവളുടെ പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എങ്കിലും യഹോവയില്‍ ആശ്രയിച്ചുകൊണ്ട് അവര്‍ പറയുന്നു: ''യഹോവ നമ്മുടെ മദ്ധ്യത്തില്‍ ഇല്ലേ? ഒരു അത്യാഹിതവും നമ്മുടെമേല്‍ വരികയില്ല. അതുകൊണ്ട് നിങ്ങള്‍ നിമിത്തം സീയോനെ വയല്‍പോലെ ഉഴുതുമറിക്കും. യെരുശലേം കല്‍ക്കൂമ്പാരം ആകും. ആലയപര്‍വ്വതം കാടുകയറിയ മണ്‍കൂമ്പാരമാകും''(മീഖാ.3:9-12)..
പഴയനിയമപ്രവാചകന്മാര്‍ തങ്ങളുടെ കാലത്തുണ്ടായിരുന്ന പ്രസംഗകരുടെ ദൂഷ്യങ്ങള്‍ക്കെതിരേ ശക്തമായി സംസാരിച്ചു. കാരണം അതു ദൈവജനത്തെ നശിപ്പിക്കുന്നതായിരുന്നു. ഇന്നും അതുപോലെതന്നെയാണ് പുരോഹിതന്മാരും പ്രവാചകന്മാരും പണത്തിനുവേണ്ടി പ്രസംഗിക്കുന്നു. എന്നിട്ട് അവരെല്ലാം ദൈവത്തില്‍ ആശ്രയിക്കുന്നു എന്നവകാശപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ചതിയാണ് ഇന്ന് എല്ലായിടത്തും കാണുന്നത്..
സ്വമനസ്സാലെ ആരെങ്കിലും നല്‍കുന്ന ദാനങ്ങള്‍ സ്വീകരിക്കുവാന്‍ ഒരു ദൈവദാസന് അവകാശമുണ്ട്. എന്നാല്‍ പണം കിട്ടിയാല്‍ മാത്രമേ ദൈവത്തെ സേവിക്കൂ എന്നു പറയുന്നതും ഇതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശമ്പളവും ദാനവും തമ്മിലുള്ള വ്യത്യാസമെന്താണ്? ശമ്പളത്തിനുവേണ്ടി നിങ്ങള്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ ദാനം ആവശ്യപ്പെടാന്‍ കഴിയുകയില്ല. ഒരു ദാനം ലഭിച്ചാല്‍ ദൈവത്തെ സ്തുതിക്കുക. ലഭിച്ചില്ലെങ്കിലും ദൈവത്തെ സ്തുതിക്കുക. എല്ലാ മാസവും നിങ്ങള്‍ക്കു ലഭിക്കുന്ന പണം സ്വീകരിക്കാം. എന്നാല്‍ അത് ഒരു ശമ്പളമായിട്ടാകരുത്;ഒരു ദാനമായിട്ട് മാത്രം സ്വീകരിക്കുക. ലഭിക്കുന്ന ദാനമൊന്നും നിങ്ങള്‍ക്കുള്ള ശമ്പളമാണെന്നു കരുതരുത്..
പണം ലഭിച്ചാലും ഇല്ലെങ്കിലും ഭക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ദൈവത്തെ സേവിക്കുന്നതു തുടരും. തനിക്കു ദാനങ്ങള്‍ നല്‍കിയവരോടു നന്ദിയുണ്ടാകും, എന്നാല്‍ അവന്‍ അവരെ ആശ്രയിക്കുകയില്ല. ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കരുതുന്നതു ക്രമമനുസരിച്ചോ അല്ലാതെയോ ആകാം. എങ്ങനെയായാലും പണത്തിനുവേണ്ടി പ്രസംഗിക്കരുത്. പണത്തിനുവേണ്ടിയല്ല ഒരു ദൈവവേലയും ചെയ്യേണ്ടത്. ഈ പ്രമാണം നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ ദൈവം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുതരും. എന്നു മാത്രമല്ല മറ്റു പ്രസംഗകര്‍ വീഴുന്ന കെണികളില്‍ നിന്നും നിങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും..
|