|
വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ആദ്യത്തെ രണ്ടു പ്രസംഗകരായിരുന്നു ഹാനോക്കും നോഹയും. അവരിരുവരും ദൈവത്തോടു കൂടെ നടന്നു. അന്നു മുതലുള്ള എല്ലാ പ്രസംഗകരും ഇതുപോലെ ദൈവത്തോടുകൂടെ നടന്നിരുന്നോ?
ദൈവം നോഹയോടു പെട്ടകം പണിയാന്‍ ആവശ്യപ്പെട്ട ഉടന്‍ തന്നെ പണി തുടങ്ങി. ആരാണ് അതിനുള്ള ചെലവു വഹിക്കുക എന്നൊന്നും അവന്‍ ചോദിച്ചില്ല. അഥവാ അങ്ങനെ ദൈവത്തോടു ചോദിച്ചിരുന്നുവെങ്കില്‍ ദൈവത്തിന്റെ മറുപടി ഇതാകുമായിരുന്നു: ''തീര്‍ച്ചയായും നീ തന്നെ അതിനുള്ള ചെലവു വഹിക്കണം.''
ദൈവവേലയ്ക്കുള്ള ചെലവ് നിങ്ങളുടെ സ്വന്തം പോക്കറ്റില്‍ നിന്നു വഹിക്കണമെന്നു ദൈവം നിങ്ങളോടു പറയുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? പല ക്രിസ്ത്യാനികളും കരുതുന്നത് അവര്‍ ചെയ്യുന്ന ദൈവവേലയുടെ ചെലവ് മറ്റാരെങ്കിലും വഹിക്കണം എന്നാണ്. എന്നാല്‍ നോഹ അങ്ങനെ ചിന്തിച്ചില്ല. അവന്‍ തന്റെയും കുടുംബത്തിന്റെയും ചെലവ് സ്വയം വഹിച്ചു, അതോടൊപ്പം ദൈവവേലയും ചെയ്തു. പെട്ടകം പണിയുന്നതിനുള്ള പണം സമ്പാദിക്കാന്‍ ചില മണിക്കൂറുകള്‍ അധികം ജോലി ചെയ്യേണ്ടി വന്നു. എന്നാല്‍ അവനത് സന്തോഷത്തോടെ ചെയ്തു. അങ്ങനെയുള്ളവരെ ദൈവത്തിന് ഇന്നും ആവശ്യമുണ്ട്. അന്ത്യകാലം നോഹയുടെ കാലം പോലെ ആയിരിക്കും എന്നാണല്ലോ യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ അന്ത്യകാലത്ത് അനേകം നോഹമാരെ ദൈവത്തിന് ആവശ്യമുണ്ട്- അപ്പൊസ്തലനായ പൗലൊസിനെപ്പോലെ സ്വന്തമായി അധ്വാനിച്ച് ദൈവവേല ചെയ്യുന്ന ആളുകളെ.
മൃഗങ്ങള്‍ എങ്ങനെയാണ് പെട്ടകത്തിനുള്ളിലേക്കു വരുന്നത് എന്നു പലരും നോഹയോടു ചോദിച്ചിട്ടുണ്ടാകാം. ആ കാര്യം ദൈവം ചെയ്യേണ്ടതാണെന്നും തനിക്കതില്‍ കാര്യമില്ലെന്നും നോഹ അറിഞ്ഞിരുന്നു. ദൈവം പ്രകൃത്യാതീതമായി മൃഗങ്ങളെ പെട്ടകത്തിനുള്ളില്‍ കൊണ്ടുവന്നു. ദൈവം തന്നോടു പറഞ്ഞതു മാത്രം നോഹ ചെയ്തു- പെട്ടകം പണിയുക എന്നത്. മറ്റു കാര്യങ്ങളെല്ലാം അവന്‍ ദൈവത്തിനു വിട്ടു. നാമും ദൈവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. അസാധ്യകാര്യങ്ങളെ നമുക്കു ദൈവത്തിനു വിട്ടുകൊടുക്കാം.
ഒടുവില്‍ ദൈവം വാതില്‍ അടയ്ക്കുന്നതായി നാം വായിക്കുന്നു(ഉല്‍പത്തി 7: 16). പെട്ടകത്തിന്റെ വാതില്‍ നോഹയല്ല അതു ദൈവമാണ് അടച്ചത്. അതുപോലെ ഒരു ദിവസം കാലത്തികവിങ്കല്‍ ദൈവം രക്ഷയുടെ വാതില്‍ അടയ്ക്കും.
ക്രിസ്തുവിന്റെയും അവിടുത്തെ ശരീരമാകുന്ന സഭയുടെയും ഒരു ചിത്രമാണ് പെട്ടകം. ഒരു സഭയ്ക്കകത്ത് എന്നതുപോലെ പെട്ടകത്തിനകത്തെ ജീവിതവും അസൗകര്യങ്ങള്‍ ഉള്ളതായിരുന്നു. സഭയില്‍ നാം നമ്മില്‍ നിന്നു തികച്ചും വ്യത്യസ്തരായ ആളുകളുമായി ഇടപഴകേണ്ടി വരും. ചിലപ്പോള്‍ അവരില്‍ ചിലരുമായി ഉരസ്സേണ്ടതായും വരുന്നു. പെട്ടകത്തിനുള്ളില്‍ അത്ര സൗകര്യങ്ങള്‍ ഒന്നുമില്ലായെങ്കിലും ആ സമയത്ത് ഭൂമിയില്‍ സുരക്ഷിതമായ സ്ഥലം അതുമാത്രമായിരുന്നു. ഇന്നു സഭയും അങ്ങനെതന്നെയാണ്. ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകള്‍ ഉണ്ടെങ്കിലും സഭയില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളും സന്തുഷ്ടരാണെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടാല്ലോ നാം ആളുകളെ സഭയിലേക്കു ക്ഷണിക്കുന്നത്.
ഒടുവില്‍ പ്രളയം അടങ്ങിത്തുടങ്ങിയപ്പോള്‍ നോഹ ഒരു മലങ്കാക്കയെയും പ്രാവിനെയും പുറത്തേക്കു വിട്ടു. ജഡത്തെയും ആത്മാവിനെയും ആണ് അതു സൂചിപ്പിക്കുന്നത്. കാക്ക തിരികെ വന്നില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതശരീരങ്ങള്‍ കണ്ട കാക്ക അതു തന്റെ വിശിഷ്ടഭോജ്യമായി കരുതി സന്തോഷിച്ചു. അതുപോലെതന്നെ ജഡത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുന്നവര്‍ ഈ ലോകത്തെ വളരെ ആസ്വാദ്യകരമായ സ്ഥലമായി കാണുന്നു. എന്നാല്‍ ആ പ്രാവ് തിരികെ വന്നു. അതുപോലെതന്നെയാണ് ആത്മാവിനാല്‍ നടക്കുന്നവരും. അവര്‍ക്ക് ഈ ലോകജീവിതം ഒട്ടും താത്പര്യമുള്ളതല്ല. അവര്‍ വേഗം തിരികെ വന്ന് സഭയിലെ ദൈവജനങ്ങളോടു കൂട്ടായ്മയില്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു.
പെട്ടകത്തിനു പുറത്തുവന്ന നോഹ ആദ്യം ചെയ്തത് ഒരു യാഗപീഠം പണിത് അതില്‍ ദൈവത്തിനു സ്‌തോത്രയാഗം അര്‍പ്പിക്കുക എന്നതാണ്. ദൈവത്തിന് ഒന്നാംസ്ഥാനം നല്‍കി ആരാധനയും നന്ദിസ്‌തോത്രങ്ങളും അര്‍പ്പിക്കുക എന്നത് നമുക്ക് എല്ലാക്കാലവും പിന്തുടരുവാന്‍ പറ്റിയ മാതൃകയാണ്.
|